കേച്ചേരി: കോൺക്രീറ്റ് മാലിന്യം പറമ്പിലും വഴിയിലും നിക്ഷേപിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കേച്ചേരി ആയമുക്ക് സ്വദേശികളായ മൂന്നുപേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. ആയമുക്ക് സ്വദേശി മതിലകത്ത് വീട്ടിൽ മുഹമ്മദ് ഷാഫിയെ (21) മർദിച്ച സംഭവത്തിൽ ആയമുക്ക് സ്വദേശികളായ രായംമരയ്ക്കാർ വീട്ടിൽ അബ്ദുൾ കരീം, റൗഫ്, റാസിക്ക് എന്നിവർക്കെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്.
വീടിനടുത്തുള്ള യുവാവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ പ്രതികൾ കോൺക്രീറ്റ് മാലിന്യം നിക്ഷേപിച്ചതിനെ കുറിച്ച് ചോദ്യം ചെയ്തതിനാണ് പ്രതികളായ മൂന്നംഗ സംഘം അതിക്രൂരമായി മുഹമ്മദ് ഷാഫിയെ മർദിച്ചത്. പ്രതികൾ ഒളിവിൽ പോയതായി പോലീസ് അറിയിച്ചു. ക്രൂരമർദനത്തിന് വിധേയനായ മുഹമ്മദ് ഷാഫിയെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.